Become A Instruction Instructor.
കയിലിയാടിന്റെയും പരിസരപ്രദേശങ്ങളുടെയും ചരിത്രത്തിൽ നൂറ് വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി കയിലിയാട് വിദ്യാഭിവർദ്ധിനി അപ്പർ പ്രൈമറി സ്കൂൾ പ്രഭ ചൊരിഞ്ഞു നില്ക്കുന്നു. 1924 ൽ കയിലിയാട് കാഞ്ഞങ്ങാട്ടു പടിക്കൽ കാഞ്ഞങ്ങാട്ടു വലിയ വീട്ടിൽ നാരായണൻ നായർ എന്ന മഹാശയൻ സ്ഥാപിച്ച എലിമെന്ററി സ്കൂൾ ആണ് ഈ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടത്. പെൺകുട്ടികൾ വിദ്യാഭ്യാസത്തോട് വൈമുഖ്യം കാണിച്ചിരുന്ന കാലത്തു അവരുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകമായി 1934 ൽ സീതാലക്ഷ്മി ഗേൾസ് ഹയർ എലിമെന്ററി സ്കൂളും അവർണ്ണരുടെ ഉന്നമനത്തിനായി പഞ്ചമ സ്കൂളും അദ്ദേഹം തന്നെ സ്ഥാപിച്ചു എന്ന് അറിയുന്നു. ഇവയെല്ലാം ഒരുമിപ്പിച്ചു കൊണ്ട് 1944 ൽ ഇന്ന് സ്കൂൾ നില്ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ടത് യശ:ശരീരനായ ശ്രീ കെ. വി ശങ്കരൻ നായർ മാസ്റ്റർ ആണ്. 1971 വരെ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി തന്റേതെല്ലാം വിദ്യാലയത്തിനു സമർപ്പിച്ചുകൊണ്ട് അദ്ദേഹം ഈ സ്ഥാപനത്തെ വളർത്തിക്കൊണ്ടു വന്നു. 1971 ൽ സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മാനേജറായി തുടരന്നു. 1984 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം 2009 വരെ അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ശ്രീമതി പി ഭാരതിയമ്മയും മാനേജറായി വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു.
ശ്രീമതി പി ഭാരതിയമ്മയുടെ നിര്യാണത്തിന് ശേഷം അവരുടെ മകൾ ശ്രീമതി പി ഉഷാദേവി മാനേജറായി എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വിദ്യാലയത്തെ പുരോഗതിയിലേക്കു നയിക്കുന്നു. നാന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഷൊർണുർ സബ്ജില്ലയിൽ മാത്രമല്ല, സംസ്ഥാന തലത്തിൽ കൂടി അറിയപ്പെടുന്ന മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയും പ്രീപ്രൈമറി വിഭാഗത്തിൽ LKG, UKG എന്നിവയും പ്രവർത്തിച്ചു വരുന്നു.